പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം കേസിൽ തുടരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അപൂർണമാണ്, പോക്സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നൽകിയ അപേക്ഷയിലാണ് ഉത്തരവ്. കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ഒരാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചത്.
പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ മാതാവ് ആവശ്യപ്പെടുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.