ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ജനങ്ങള്‍ ദുഃഖിതര്‍; കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടത്തുന്നത് വിനാശകരമായ നയസമീപനം; ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എംഎ ബേബി

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഭീകരാക്രമണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

ജമ്മു-കശ്മീരില്‍ ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി അവസാനിപ്പിക്കുകയും സംസ്ഥാന പദവി തന്നെ എടുത്തുകളയുകയും ചെയ്തതില്‍ അവിടുത്തെ ജനങ്ങള്‍ നിരാശരും ദുഖിതരുമാണെന്നും അദേഹം പറഞ്ഞു. സുപ്രീംകോടതി ഇടപെടലിനൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തയിടെ നടത്തിയെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ ഇനിയും തയ്യാറായില്ല. സര്‍ക്കാര്‍ തുടരുന്ന ഇത്തരം വിനാശകരമായ നയസമീപനമാണ് ആക്രമണങ്ങള്‍ക്ക് വഴിവെയ്ക്കുന്നതെന്ന് ബേബി ആരോപിച്ചു.

ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചുവെന്നും ഭീകരാക്രമണങ്ങള്‍ ഇല്ലാതായെന്നുമുള്ള പൊള്ളയായ അവകാശവാദമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തുടര്‍ച്ചയായി നടത്തിവരുന്നത്. ഇത്തരം അവകാശവാദങ്ങള്‍ എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണമെന്നും എം എ ബേബി പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കാശ്മീരില്‍ നിന്നുള്ള സിപിഎം നേതാവ് നിയമസഭാംഗവുമായ യൂസഫ് തരിഗാമി രംഗത്തെത്തി. ഈ നാണം കെട്ട പ്രവൃത്തി ചെയ്യുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളല്ലെന്നും തരിഗാമി പ്രതികരിച്ചു.

‘ഈ നാണം കെട്ട പ്രവൃത്തി ചെയ്തവര്‍ ഞങ്ങളുടെ സുഹൃത്തുക്കളല്ല. വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ എവിടെയാണ് പോകേണ്ടത്. ഇവിടേയ്ക്ക് വരുന്നവരെ ആക്രമിക്കുന്നത് ഞങ്ങളുടെ പൈതൃകത്തിന്റെ ഭാഗമല്ല. നാണം കെട്ട പ്രവൃത്തിയാണിതെന്ന് തതരിഗാമി എഎന്‍ഐയോട് പറഞ്ഞു.

ഹല്‍ഗാം ഭീകരാക്രമണത്തിന്റെ ചശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയിലെത്തി. അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് സൈനിക മേധാവിമാരുടെ യോഗംചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും ചേരും.

മോദി കാഷ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ട മലയാളി.

കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ജമ്മു കാഷ്മീരില്‍ അടുത്ത നാളില്‍ നാട്ടുകാര്‍ക്കു നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.