അമിത് ഷായുടെ മുഖവും ശരീരഭാഷയും ഒരു ക്രൂരന്റേതാണ്; ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയം; തീവ്രവാദി ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ സന്ദീപ് വാര്യര്‍

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അമിത് ഷാ സമ്പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. അമിത് ഷാ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങള്‍ മെനയാന്‍ വിദഗ്ധനും മറ്റു പാര്‍ട്ടിക്കാരെ ജനാധിപത്യവിരുദ്ധമായി തകര്‍ക്കാന്‍ ശേഷിയുള്ള ആളും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന സ്വഭാവമുള്ള ആളുമൊക്കെയാണെങ്കിലും രാജ്യസുരക്ഷയുടെ കാര്യത്തില്‍ പരാജയമാണെന്ന് സന്ദീപ് പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ തന്റെ കൈവശമിരിക്കുന്ന ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതില്‍ അമിത് ഷാ അഗ്രഗണ്യനാണ്. ജനാധിപത്യ വേദിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ ഏതറ്റം വരെ പോയൂം നേരിടുന്നതില്‍ ക്രൂരമായ ആനന്ദം അയാള്‍ കണ്ടെത്തുന്നു. ആ മുഖം തന്നെ , ആ ശരീരഭാഷ തന്നെ ഒരു ക്രൂരന്റേതാണ്. അതേസമയം മകനിലൂടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അമിത് ഷാ വരുതിയിലാക്കിയെന്നും സന്ദീപ് പറഞ്ഞു.

ബിജെപി ഭരണം ഇല്ലായിരുന്നെങ്കില്‍ അമിത് ഷാക്ക് സ്വന്തം മകനെ ബിസിസിഐ അധ്യക്ഷന്‍ ആക്കാന്‍ കഴിയുമായിരുന്നോ? പാര്‍ട്ടിയെയും ഭരണത്തെയും ഉപയോഗിച്ച് അമിത് ഷാ മകനെ വളര്‍ത്തുന്നത് ബിജെപിയുടെ മറ്റു നേതാക്കള്‍ക്ക് ഭയപ്പാടോടെ കണ്ടുനില്‍ക്കാനെ കഴിയൂ. എതിര്‍ത്താല്‍ ഹിരണ്‍ പാണ്ഡ്യയുടെ അനുഭവം അവരുടെ മുന്നിലുണ്ടല്ലോ.

കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് കാശ്മീരില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അമിത് ഷാക്ക് തന്നെയാണ്. ഈ സമയത്ത് രാഷ്ട്രീയം പറയരുത് എന്നു പറഞ്ഞു വായടപ്പിക്കാന്‍ നോക്കണ്ട. താജ് ഹോട്ടലില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ മുംബൈയില്‍ പറന്നിറങ്ങി രാഷ്ട്രീയം കളിച്ച ആളുടെ പേര് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി എന്നാണ്. മറക്കരുതെന്നും അദേഹം പറഞ്ഞു.

സുരക്ഷാ വീഴ്ച ഉണ്ടായി എന്നുള്ളത് പകല്‍ പോലെ സത്യമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് കാശ്മീരിലെ ലോ ആന്‍ഡ് ഓര്‍ഡര്‍. സംസ്ഥാന സര്‍ക്കാരിന് ജമ്മു കാശ്മീര്‍ പോലീസിന് മേല്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമേ ഉള്ളൂ.

രണ്ടുമൂന്നു കാരണങ്ങള്‍ പറയാം.

Read more

1) അമിത്ഷായുടെ മൂക്കിന് കീഴിലാണ് 2020 ഡല്‍ഹി കലാപം നടന്നത് . നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല രാജ്യ തലസ്ഥാനം നിന്ന് കത്തി. അമിത് ഷാ പരാജയമാണെന്ന് ഉത്തരേന്ത്യന്‍ സൈബര്‍ സംഘികള്‍ വരെ അക്കാലത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.
2) മണിപ്പൂര്‍ കലാപം നിയന്ത്രിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം നേരിട്ടു. മണിപ്പൂരില്‍ പോയി മൂന്നുദിവസം നിന്നിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോഴും മണിപ്പൂരില്‍ അശാന്തിയാണ്. രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ മണിപ്പൂര്‍ കലാപം വലിയ കളങ്കമായി മാറി.
3) എന്‍ ആര്‍ സി രാജ്യത്താകെ നടപ്പിലാക്കുമെന്ന് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രസംഗിച്ചു നടന്നു. ഒരുതരത്തിലുള്ള റോഡ് മാപ്പും മുന്നൊരുക്കങ്ങളും ആലോചനകളും ഇല്ലാതെ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ തട്ടി വിടുകയായിരുന്നു ചാണക്യന്‍. ഒടുവില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ വാ മുടി കെട്ടി യൂ ടേണ്‍ അടിച്ചു. ഇപ്പോള്‍ എന്‍ആര്‍സിയെ കുറിച്ച് മിണ്ടാട്ടമില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.