വയനാട്ടിൽ വേദനിപ്പിക്കുന്ന സാഹചര്യം; രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ലെന്ന് രാഹുൽ ഗാന്ധി, രക്ഷാ ദൗത്യത്തിൽ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ വേദനിപ്പിക്കുന്ന സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇത് രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ലെന്നും എല്ലാ സംവിധാനങ്ങളും കൈ കോർത്തു പ്രവർത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കുള്ള നന്ദിയും രാഹുൽ ഗാന്ധി അറിയിച്ചു.

വയനാട്ടിലെ മുണ്ടക്കൈ ദുരന്ത മേഖലയിലും മേപ്പാടി വിംസ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി. എന്ത് പറയണമെന്ന് അറിയാത്ത നിമിഷമാണിത്‌. പുനരധിവാസം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം മേപ്പാടി വിംസ് ആശുപത്രിയിൽ കഴിയുന്നവരെയും രാഹുൽഗാന്ധി സന്ദർശിച്ചു.

അതേസമയം വയനാട് നടക്കുന്ന രക്ഷാ ദൗത്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ധാരാളം ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം. പുനരധിവാസത്തിനു ഉൾപ്പെടെ ശാശ്വത ഇടപെടലുകൾ വേണം. ശാശ്വത പരിഹാരം ആണ് ആവശ്യം. വയനാട് ദുരന്തങ്ങൾ തുടർക്കഥയാവുന്നുവെന്നും അതുകൊണ്ട് ശാശ്വത പരിഹാരം വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.