എത്യോപയിലേക്ക് ജോലി വാഗ്ദാനം നല്‍കി കേരളത്തിലെ യുവാക്കളില്‍ നിന്ന് പണം തട്ടിയെന്ന് പരാതി. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും എണ്‍പതിനായിരം രൂപ തട്ടിയെടുക്കുകയും വ്യാജ വിസയും ടിക്കറ്റും അയച്ചുകൊടുക്കുകയുമായിരുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ. ഒരുമാസം മുമ്പ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് യുവാക്കള്‍ ഡല്‍ഹിയിലുള്ള എയര്‍ ലിങ് എന്ന ഏജന്‍സിയുമായി ബന്ധപ്പെട്ടത്. എണ്‍പതിനായിരം രൂപയ്ക്ക് എത്യോപ്യയില്‍ ഡ്രൈവര്‍, പെയിന്റര്‍ എന്നീ ജോലികള്‍ക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഷെമീന്‍ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയാള്‍ പറഞ്ഞത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ വിസയും പിന്നീട് ടിക്കറ്റിന്റെ കോപ്പിയും അയച്ചു നല്‍കി. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് പറ്റിക്കപ്പെട്ടതായി യുവാക്കള്‍ തിരിച്ചറിഞ്ഞത്.
പ്രതിമാസം അരലക്ഷം രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്ദാനം. പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് യുവാക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.