തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താത്പര്യമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം കേരളാ കോൺഗ്രസ്, പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തും.
യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോൺഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷം ഒരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു.
ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും. അതേസമയം, ഇന്നലെ സമവായ ചർച്ച വിളിച്ചുചേർത്തിരുന്നെങ്കിലും യുഡിഎഫ് കൺവീനറുടെ സാന്നിദ്ധ്യത്തിൽ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചർച്ചയിൽ നിന്ന് വിട്ടു നിന്നിരുന്നു. എന്നാൽ, വിദേശത്തായിരുന്ന ബെന്നി ബെഹനാൻ എത്താൻ വൈകിയതിനെ തുടര്‍ന്നാണ് ചർച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.