പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. . 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷന്‍ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകളും എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചു.
14 സര്‍വീസ് വോട്ടുകളിലും മൂന്നെണ്ണം അസാധുവായി. സര്‍വീസ് വോട്ടുകളില്‍ മാണി സി.കാപ്പന് ആറും ബിജെപി സ്ഥാനാര്‍ത്ഥിഎന്‍.ഹരിക്ക് രണ്ടും ടോം ജോസിന് ഒന്നും വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രന്‍ സി.ജെ.ഫിലിപ്പിന് ഒരു വോട്ടും ഒരു വോട്ട് നോട്ടക്കുമാണ് ലഭിച്ചത്.
സര്‍വീസ് വോട്ടും പോസ്റ്റല്‍ വോട്ടുകളും എണ്ണി തീര്‍ന്നതോടെ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക.
വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി. പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസിലെ തര്‍ക്കം തനിക്ക് അനുകൂലമായി. ഇടതുമുന്നണിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാത്തതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.