ശബരിമലയ്ക്കൊപ്പം, ഘടകകക്ഷി നേതാക്കളെ ഇറക്കി ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാനും എൻഡിഎ ശ്രമിക്കുകയാണ്. ഒപ്പം വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടിനെ തുഷാറിനെ പാലായിലെത്തിച്ച് ചെറുക്കുകയും ചെയ്യുന്നു.
ഓരോ കവലയിലും ശബരിമല വിഷയം പറഞ്ഞ് പാലായിലും ഇടതിനെ പ്രതിരോധത്തിലാക്കാനാണ് എൻ ഡി എ തുടക്കം മുതലേ ശ്രമിച്ചത്. സമരം നടത്തിയ ബി ജെ പി നിയമം കൊണ്ടുവരാത്തത് ആത്മാർത്ഥത ഇല്ലാത്തതു കൊണ്ടെന്ന പ്രചാരണത്തിന് ശബരിമല ഓർഡിനൻസ് പരിഗണയിലാണെന്ന് പാലായിലെത്തി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും വിമുരളീധരനും പ്രതിരോധം തീർത്തു.
ഇതു വരെ ബിജെപിയെ പിന്തുണയ്ക്കാതിരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ വോട്ടുറപ്പിക്കാൻ പി സി ജോർജിനെയും പി സി തോമസിനേയും അൽഫോൺസ് കണ്ണന്താനത്തേയും രംഗത്തിറക്കി. സഹായം ചോദിച്ച് ഇവർ അരമനകളിലും മoങ്ങളിലുമെത്തി. അഡൽ പെൻഷൻ യോജന പോലുള്ള കേന്ദ്ര ക്ഷേമപദ്ധതികൾ പാഴാക്കരുതെന്ന പാലാ രൂപത സർക്കുലർ രാഷ്ട്രീയ ചർച്ചയാക്കി.
വെള്ളാപ്പള്ളി ഇടത് അനുകൂല നിലപാട് എടുത്തപ്പോൾ തുഷാറിനെ പാലായിലെത്തിച്ച് മറുതന്ത്രം പയറ്റി. ചിട്ടയയായ പ്രചാരണം നടത്തിയ സ്ഥാനാർത്ഥി എൻ ഹരി രണ്ട് തവണ വോട്ടർമാരെ നേരിൽ കണ്ടു. വോട്ടർ പട്ടികയിലെ ഓരോ പേജിനും ഓരോ പ്രവർത്തകനെ ചുമതലപ്പെടുത്തി. സ്ത്രീകളുടെ സ്ക്വാഡ് വീടുകൾ കയറി ഇറങ്ങി കഴിഞ്ഞ തവണ പിടിച്ച 24821 ത്തിൽ നിന്നും വോട്ടുയർത്തി കെ എം മാണി ഇല്ലാത്ത പാലാ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻ ഡി എ ക്യാമ്പ്.