പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സിപിഎം കേരളാ കോണ്‍ഗ്രസ് പോര്. അടുത്ത ചെയര്‍മാനായി സിപിഎം
പ്രതിനിധിയായ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കി. ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയത്. നിര്‍ണായകമായ എല്‍ഡിഎഫ് യോഗം ഇന്നു വൈകിട്ട് പാലായില്‍ ചേരും. ജോസ് കെ മാണിയുടെ നിലപാടില്‍ സിപിഎം ജില്ലാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ബിനു പുളിക്കക്കണ്ടം മുന്‍പ് ബി.ജെ.പിയില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന വ്യക്തിയാണ്. ഇതു കൂടാതെ കേരള കോണ്‍ഗ്രസ് അംഗത്തെ നഗരസഭയില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന ആരോപണവും ബിനുവിനെതിരെയുണ്ട്. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസും നിലവിലുണ്ട്. അതുകൊണ്ട് ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആറ് ഇടത് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും ബിനു പുളിക്കക്കണ്ടത്തിനാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സി.പി.എം തീരുമാനിച്ചത്. നിലവില്‍ ഇദ്ദേഹം മാത്രമാണ് സി.പി.എം ചിഹ്നത്തിന്‍ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാര്‍ഥി. ഞായറാഴ്ച വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും കേരള കോണ്‍ഗ്രസ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ആഭ്യന്തര കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇടപെടുന്നതാണ് അതൃപ്തിക്ക് കാരണം.
മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി (എം) നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് (എം) നും. ഡിസംബര്‍ 28ന് ആദ്യ രണ്ടുവര്‍ഷ കാലാവധി അവസാനിച്ചു. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷന്‍ രാജിവയ്ക്കുകയും ചെയ്തു.
ആദ്യഘട്ടം മുതല്‍തന്നെ സ്ഥാനം ഒഴിഞ്ഞു നല്‍കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി വരുന്ന ആളെ അംഗീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളാണ് ഉയര്‍ന്നു കേട്ടത്. ഏതാണ്ട് രണ്ടു മാസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി അന്ന് പറഞ്ഞത്.
അതേസമയം, പാലാ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ സി.പി.എം. തന്നെ തീരുമാനിക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എ.വി. റസല്‍. ആരുടെയും ആഭ്യന്തര വിഷയങ്ങളില്‍ സി.പി.എം. ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മുമായി അഭിപ്രായ ഭിന്നത ഇല്ലെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.