പാലക്കാട് സംഘർഷം; പൊലീസിന്റെ കടുത്ത നടപടി, ബിജെപി- യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

പാലക്കാട് സംഘർഷത്തിൽ ബിജെപി- യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെ കേസെടുത്തത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ്, കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തത്. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയത്.

മാർച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ രാഹുലിനെതിരെ ഭീഷണറിയും മുഴക്കിയിരുന്നു. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്റെ ഭീഷണി. രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി. നേരത്തെ ഡിസിസി ഓഫീസ് മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു.