പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കരാറുകാരെ സഹായിക്കാനുള്ള ശ്രമം ഉണ്ടായതായും കുറ്റക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മേല്‍പാലം അപകടാവസ്ഥയിലായതോടെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണ്. ഇതോടെ കൊച്ചിയില്‍ ഗതാഗത കുരുക്ക് വീണ്ടും വര്‍ദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്താണ് പാലം നിര്‍മ്മാണം നടന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കിറ്റ്‌കോയും അഴിമതി നടത്തിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണി കരാറുകാര്‍ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
Read more
മേല്‍പാലം അടച്ചതോടെ മണിക്കൂറുകളുടെ ഗതാഗത കുരുക്കിനാണ് തിരക്കേറിയ പാലാരിവട്ടം കാക്കനാട്, ഇടപ്പള്ളി റോഡുകള്‍ സക്ഷ്യം വഹിക്കുന്നത്. പാലം പണിയില്‍ കൃത്രിമം നടന്നുവെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. സിമന്റ് അടക്കമുള്ള സാധന സാമഗ്രികള്‍ ആവശ്യത്തിന് ഉപയോഗിച്ചിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു. സിമന്റും മണ്ണും ആവശ്യമായ അനുപാതത്തിലല്ല ഉപയോഗിച്ചതെന്ന് വകുപ്പുതലത്തിലും പിന്നീട് മദ്രാസ് ഐ ഐ ടിയും നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.