പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് വരും . കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരനും ഒന്നാം പ്രതിയുമായ സുമിത് ഗോയല്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
പാലാരിവട്ടം പാലം അഴിമതി കേസിലെ ഒന്നാം പ്രതി കരാര്‍ കമ്പനി എം.ഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി വിധി പറയുന്നത്. ഇന്ന് രാവിലെ പത്തേകാലോടെ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പറയുക.
മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കരാറില്‍ ഒപ്പിടുകയായിരുന്നുവെന്നാണ് ടി.ഓ സൂരജ് കോടതിയെ അറിയിച്ചിട്ടുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടറില്‍ തിരിമറി നടത്തിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലം നിര്‍മ്മാണത്തിലിരിക്കെ ടി.ഒ സൂരജ് മകന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്
വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശ പ്രകാരം പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കരാറുകാരനായ സുമിത് ഗോയല്‍ വാദിക്കുന്നത്. വേണ്ടത്ര ടാറിംഗ് നടത്തിയിട്ടില്ലെന്ന ആരോപണം അംഗീകരിച്ചാലും മേല്‍പ്പാലത്തിന് ബലക്ഷയമില്ല. നിര്‍മ്മാണത്തില്‍ ചതിയോ വഞ്ചനയോ ഉണ്ടായിട്ടില്ല. നിര്‍മ്മാണത്തിനായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത് സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ഹര്‍ജിയില്‍ പറയുന്നു.