കണ്ണൂർ പാലത്തായിയിൽ ഒന്‍പത് വയസുകാരിയെ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മരാജന്‍ പീഡിപ്പിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. കേസിൽ പോക്സോ ചുമത്തിയിട്ടില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്നും കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ഇരയുടെ മൊഴി ക്യാമറയില്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും കേസിലെ മഹസര്‍ തയ്യാറാക്കിയത് ക്രൈം ബ്രാഞ്ച് അല്ല ലോക്കല്‍ പൊലീസാണെന്നും, ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും ലോക്കല്‍ പൊലീസാണ് കേസ് നടപടികള്‍ തുടര്‍ന്നു കൊണ്ടുപോയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് കുട്ടിയുടെ മൊഴി ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. സത്യം പുറത്തു വരണമെന്നും കുട്ടിക്ക് നീതി കിട്ടണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചു.
വനിത ഐ.പി.എസ് ഓഫീസറെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്നും പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ സൂപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദ്ദേശം പാലിക്കുമെന്ന് വിശ്വസിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിമുഖം നല്‍കുന്നത് സംബന്ധിച്ച് പ്രതിഭാഗം സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതികരണം. പോക്സോ കോടതി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്തും ഹാജരായി.
പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍ഡ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.