പത്ത് വര്‍ഷം കൊണ്ട് പിരിച്ചെടുത്തത് ആയിരം കോടി രൂപ; പാലിയേക്കര ടോള്‍ പ്ലാസയ്‌ക്ക് എതിരെ പ്രതിഷേധം

തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആയിരം കോടി രൂപയാണ് ഇതിനോടകം ടോളിനത്തില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതെന്നാണ് റിപ്പോള്‍ട്ട്. ഇതിനെതിരെ ഇനി മതി ടോള്‍ എന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം തുടങ്ങിയിരിക്കുകയാണ്.

2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ പാലിയേക്കരയിലായിരുന്നു ടോള്‍പ്ലാസ സ്ഥാപിച്ചത്. ഒട്ടേറെ സമരങ്ങള്‍ക്ക് ഇതിനോടകം വേദിയായി. യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടായി.

നിരന്തരമായ കരാര്‍ലംഘനമാണ് ടോള്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്. കരാര്‍ കമ്പനിയെ ഒഴിവാക്കാന്‍ ദേശീയപാത അധികൃതര്‍ തയാറാകണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

ടോള്‍ പിരിവ് അവസാനിക്കേണ്ടത് 2028 ജൂണിലാണ്. അപ്പോഴേയ്ക്കും നാലായിരം കോടിയിലേറെ രൂപ പിരിച്ചെടുക്കാന്‍ ടോള്‍ കമ്പനിയ്ക്കു കഴിയും. 825 കോടി രൂപയാണ് ദേശീയപാതയുടെ നിര്‍മാണ ചെലവ്. നാലിരട്ടി തുകയാണ് അപ്പോഴേക്കും കമ്പനിയുടെ പക്കല്‍ എത്തിച്ചേരുന്നത.്