കിഴക്കമ്പലം-ഐക്കരനാട് പഞ്ചായത്തുകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ബില്ലിനെ ഭയക്കാതെ ഇനി ആവശ്യാനുസരണം വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കാം. ഇരു പഞ്ചായത്തുകളിലും താമസിക്കുന്നവര്‍ക്ക് വൈദ്യുതിയിലും പാചകവാതകത്തിലും വരുന്ന ചെലവിന്റെ 25 ശതമാനം തുക ട്വന്റി ട്വന്റി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണസമിതി നല്‍കും.
പഞ്ചായത്തുകളിലെ വിവിധ പദ്ധതി വിഹിതത്തില്‍ നിന്നും മിച്ചം പിടിച്ച തുകയാണ് ഇതിനായി വിനിയോഗിക്കുക. രാജ്യത്ത് തന്നെ ഇത്തരം ഒരു പദ്ധതി ആദ്യമാണെന്ന് പാര്‍ട്ടി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 25 കോടിയും ഐക്കരനാട് പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 12.5 കോടി രൂപയുമാണ് ഇതിനായി വിനിയോഗിക്കുക.
സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്ഭരണം കാഴ്ചവച്ചാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.