കോൺഗ്രസിൽ ചേർന്ന യുവ നേതാവ് കനയ്യ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കോൺഗ്രസുമായി വിലപേശിയാണ് കനയ്യ കുമാർ സ്ഥാനമാനങ്ങൾ നേടിയെടുത്തത്. രാഷ്ട്രീയ കുതന്ത്രമാണ് നടത്തിയത്. കനയ്യ കുമാറിനെ വളർത്തിയെടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നത് മറക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
കനയ്യകുമാറിന് സ്വന്തം നേട്ടം മാത്രമാണ് ചിന്ത. സൂത്രപ്പണികൾ കൊണ്ട് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനാണ് ശ്രമം. കനയ്യ കുമാറിന് സി.പി.ഐ ഏറ്റവും കൂടുതൽ പരിഗണന നൽകിയിരുന്നു. ചുവന്ന കൊടിയുടെ ലേബലിലാണ് കനയ്യ കുമാർ ഇന്ത്യയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായത്. ചെറുപ്പത്തിൽ തന്നെ പാർട്ടിയുടെ ദേശീയ കൗൺസിലിലും എക്സിക്യൂട്ടിവിലുമെത്തി. മൂല്യങ്ങളെല്ലാം ബലി കഴിച്ചുകൊണ്ടാണ് കനയ്യ കുമാർ കാലുമാറിയതെന്നും പന്ന്യൻ രവീന്ദ്രൻ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യാ രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നിലനിൽക്കണമെന്നായിരുന്നു കോൺഗ്രസിൽ ചേർന്ന് കൊണ്ട് കനയ്യ കുമാർ പറഞ്ഞത്. രാജ്യം രക്ഷപ്പെടണമെങ്കിൽ കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നതെന്നായിരുന്നു കനയ്യയുടെ വിശദീകരണം.
മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിംഗിന്റെ ധീരത, അംബേദ്കറുടെ സമത്വം എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ഇതുകൊണ്ടാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ഒരു വലിയ കപ്പലാണ്. അത് അതിജീവിക്കുകയാണെങ്കിൽ മറ്റു ചെറിയ പാർട്ടികളും അതിജീവിക്കും. കോൺഗ്രസ് എന്നത് ഒരു ആശയമാണ്. ഈ രാജ്യത്തെ ഏറ്റവും പഴയതും ഏറ്റവും ജനാധിപത്യമുള്ളതുമായ പാർട്ടിയാണിത്. ഞാൻ മാത്രമല്ല, കോൺഗ്രസില്ലാതെ ഈ രാജ്യം അതിജീവിക്കില്ലെന്ന് ഒരു പാട് പേർ കരുതുന്നുവെന്നും കനയ്യ കഴിഞ്ഞ ദിവസം പറഞ്ഞു