പാനൂരില്‍ യുവതിയെ പ്രണയപകയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പ്രണയവും വേദനയും വിജയവും പരാജയവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രതിപാദിക്കുന്ന വരികള്‍ കുറിച്ചിട്ടുള്ള ശ്യാംജിത്തിന്റെ വരികളാണ് ചര്‍ച്ചയായിരിക്കുന്നത്.
‘ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന്. ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുത്. കോപം വന്നാല്‍ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂര്‍വം ചിന്തിക്കുക.’ എന്നാണ് തന്റെ ചിത്രം പങ്കുവച്ച് ശ്യാംജിത്ത് കുറിച്ചിരിക്കുന്ന ഒരു പോസ്റ്റ്.
‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്. സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാന്‍ ഉണ്ടാവും. ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും. തനിച്ചാക്കില്ല ഞാന്‍ നിന്നെ…’ എന്നതാണ് മറ്റൊരു പോസ്റ്റ്. ഇത്രയ്ക്ക് വിശാലമനസ്‌കനായ ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണോ ശ്യാംജിത്ത് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് ഇന്നലെ പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തായ ശ്യാംജിത്ത് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ ബുധനാഴ്ചയാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ചുറ്റികയും വെട്ടുകത്തിയും കയറുമാണ് ഉപയോഗിച്ചത്. കൈയിലെ ബാഗില്‍ കരുതിയ ഈ മൂന്ന് ആയുധങ്ങളും ഉപയോഗിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് കടന്ന പ്രതി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടുകയായിരുന്നു.