പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ ഇട്ട് കുളത്തില്‍ താഴ്ത്തിയ ബാഗ് പൊലീസിന് എടുത്തുനല്‍കിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ചുറ്റിക, സ്‌ക്രൂ ഡ്രൈവര്‍, മാസ്‌ക്, തൊപ്പി, കയ്യുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. കൊലനടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും കണ്ടെത്തി.
പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശ്യാംജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും.
കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ബുധനാഴ്ചയാണ് തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇത്രയും ദിവസം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു.