പന്തീരാങ്കാവ് കേസ്; പരാതിക്കാരിയായ പെണ്‍കുട്ടി കൊച്ചിയിലെത്തി, പൊലീസ് കസ്റ്റഡിയിലെടുത്തു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി കൊച്ചിയിലെത്തി. രാത്രി എട്ടരയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

പിതാവിന്റെ പരാതിയിൽ വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും. പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് നേരത്തെ തെരച്ചില്‍ ആരംഭിച്ചിരുന്നു. കേസിൽ നിലപാടു മാറ്റിയ യുവതി ഭർത്താവ് രാഹുൽ പി ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെൺകുട്ടിയുടെ വീട്ടുകാർ പ്രതികരിച്ചപ്പോൾ, തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു. മകൾ സ്വന്തമായി ഇത്തരത്തിൽ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെൺകുട്ടി രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവർ നിർബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നുമാണു വിശ്വസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Read more

തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തിയിരുന്നത്. പല ലോക്കേഷനുകളില്‍ നിന്നായാണ് യുവതി മൂന്ന് വിഡിയോകളും അപ്‌ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.