പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ശരത് ലാലിനെതിരായ കേസ്. അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശരത് ലാലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് അപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുഖ്യപ്രതിയായ രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം നേരത്തെ കേസില്‍ മുഖ്യപ്രതിയായ രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ രാഹുലിന്‍റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല.