പന്തീരാങ്കാവ് കേസ്: യുവതിയുടെ മൊഴിമാറ്റം ഗൗരവത്തിലെടുക്കില്ല; രാഹുലിനെ സഹായിച്ച പൊലീസുകാരനെ ചോദ്യം ചെയ്യും

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം ഒന്നാം പ്രതി രാഹുൽ പി.ഗോപാലിനെ രക്ഷപ്പെടുത്താൻ സഹായിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പന്തീരാങ്കാവ് സിവിൽ പൊലീസ് ഓഫിസർ കെ.ടി ശരത് ലാലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

സംഭവത്തിന് ശേഷം മുങ്ങിയ കെ.ടി ശരത് ലാൽ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേഷനിൽ ഹാജരായി ജാമ്യം നേടാൻ എന്ന നിരീക്ഷണത്തിൽ സെഷൻസ് കോടതി ഹർജിയിൽ തീർപ്പ് കൽപ്പിച്ചിരുന്നു. തുടർന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് ഇയാൾ ചോദ്യം ചെയ്യലിനായി ഇന്ന് എത്തുന്നത്. ഇതിനിടയിലാണ് സാമൂഹിക മാധ്യമത്തിൽ പരാതിക്കാരിയായ യുവതി പ്രതിക്കനുകൂല നിലപാടുമായി എത്തിയത്. എന്നാൽ ഈ അനുകൂല നിലപാട് അന്വേഷണ സംഘം ഗൗരവത്തിലെടുത്തിട്ടില്ല.

ശരത് ലാലിൽ നിന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അടുത്ത ദിവസം കുറ്റപത്രം നൽകും. നേരത്തെ കേസിൽ ഒന്നാം പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേസിൽ അറസ്‌റ്റ് ചെയ്‌ മറ്റു പ്രതികളായ രാഹുലിൻ്റെ മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക, ഡ്രൈവർ രാജേഷ്, കൂടാതെ കേസിൽപ്പെട്ട പൊലീസുകാരനേയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം റിപ്പോർട്ടുമായി മുന്നോട്ട് പോകുന്നത്.

സംഭവത്തിനു ശേഷം യുവതി നൽകിയ പരാതിയും തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് നൽകിയ മൊഴിയും ചേർത്താണ് ഒന്നാം പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ കേസെടുത്തത്. കൂടാതെ സംഭവം വിവാദമായതിൽ പരാതിക്കാരി കോടതിയിൽ നേരിട്ട് രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്തമായ തെളിവാകും. വിചാരണയ്ക്കിടയിൽ പരാതിക്കാർ കോടതി മുൻപാകെ മൊഴി മാറ്റി നൽകുന്നതേ പൊലീസ് ഗൗരവത്തിലെടുക്കൂ എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകൾ ആരുടെയോ സമ്മർദം നേരിടുന്നുണ്ടെന്നാണ് അച്ഛൻ്റെ പ്രതികരണം. യുവതിയെ കാണാനില്ലെന്ന പരാതിയിൽ വടക്കേക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read more