പാപ്പാഞ്ഞിയെ കത്തിക്കുന്ന വേദി മാറ്റണമെന്ന് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേ ഉടമകള്‍. ജനവാസ മേഖലയില്‍ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളത്. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.
പുതുവത്സര രാത്രിയില്‍ ഹോംസ്റ്റേകളിലും വീടുകളിലും ജനങ്ങള്‍ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെന്നും ഹോം സ്റ്റേ ഉടമകള്‍ പറയുന്നു. ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയില്‍ മാത്രം പ്രദേശത്തെത്തിയത്. ഒരു ഗ്രൗണ്ടിന് ഉള്‍ക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമാണെന്നിരിക്കെയാണ് ഇത്രയധികം ആളുകള്‍ കൊച്ചിയിലെത്തിയത്.
പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. പുതുവത്സര ദിനത്തിന് തലേന്ന് വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പൊലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയത് വലിയ അപകടസാധ്യതയാണ് ഉയര്‍ത്തിയത്. ഇവിടെ നിന്ന് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്.