പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പിനിടെ പൊലീസുകാരോട് പലതിനും ഒരു കൂസലും ഇല്ലാതെ ചിരിച്ചുകൊണ്ടാണ് ഗ്രീഷ്മ മറുപടി നല്‍കിയത്.
ഷാരോണിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നല്‍കി. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി.വേളിയില്‍ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസില്‍ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു.
‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവന്‍ പ്രാര്‍ഥിച്ചത്’ എന്ന് തെളിവെടുപ്പിനിടയില്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഗ്രീഷ്മയോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. ‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയപ്പോള്‍ ഷാരോണ്‍ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുന്‍പ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്‌ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ തട്ടിക്കയറുകയും ചെയ്തു.
തമിഴ്‌നാട്ടിലെ തൃപ്പരപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഗ്രീഷ്മയെ തെളിവെടുപ്പിനു കൊണ്ടുപോകും. തെളിവെടുപ്പ് ഇന്നും തുടരും.