പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മാപ്പ് ചോദിച്ച് പി വി അന്‍വര്‍. വി ഡി സതീശനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിലാണ് പി വി അൻവർ മാപ്പ് ചോദിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി. രാജിക്ക് പിന്നാലെ ഉന്നയിച്ച അഴിമതി ആരോപണം പിൻവലിച്ച് സംസാരിക്കുകയായിരുന്നു പി വി അൻവർ.
നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. പാപഭാരങ്ങള്‍ ചുമന്നാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറയുന്നതെന്ന് പി വി അൻവർ പറഞ്ഞു.
150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. എനിക്കും ആവേശം വന്നു. പിതാവിനെ പോലെ സ്‌നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെയാണ് ആരോപണം ഉന്നയിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം പി ശശി അന്ന് മുതല്‍ തന്നെ ലോക്ക് ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നുവെന്നും പി വി അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവിനുണ്ടായ മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയും ചെയ്തു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്.