കൂടത്തായി കൊലപാതക പരമ്പര കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിനെ കൊല്ലാൻ സയനേഡ് നൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. 2011 സെപ്തംബർ 30-നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് 2011 ഒക്ടോർ ഒന്നിന് കോടഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. പ്രജികുമാറിനെതിരെ കൊലപാതകത്തിന് സഹായിച്ചുവെന്ന കുറ്റത്തിന് പുറമേ കൊലക്കുറ്റം കൂടി ചുമത്തി.
ജൂവലറി ഉടമയായ തനിക്ക് ഒന്നാം പ്രതി ജോളിയെ അറിയില്ല, സ്വർണവുമായി ബന്ധപ്പെട്ട ജോലികൾക്കാണ് സയനേഡ് സൂക്ഷിച്ചത്. ആരെയും കൊലപ്പെടുത്താനോ ഉപദ്രവിക്കാനോ സയനേഡ് നൽകിയിട്ടില്ല. പൊലീസ് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചു മുതൽ കസ്റ്റഡിയിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
Read more
അതേസമയം കേസിലെ മുഖ്യപ്രതി ജോണ്‍സന്‍റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൊഴി രേഖപ്പെടുത്തുക. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോൺസൺ മോളിയുടെ അടുത്ത സുഹൃത്താണ്. ഇരുവരും നിരവധി ഇടങ്ങളില്‍ ഒരുമിച്ച് സഞ്ചരിച്ചതായും ഒന്നിച്ച് താമസിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വടകര കോസ്റ്റല്‍ സിഐ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ജോൺസന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.