നേര്യമംഗലത്ത് കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടും കടയില്‍ നിന്ന് സാധനം വാങ്ങാതെ മറ്റൊരു കടയില്‍ കേറിയതിനെ തുടര്‍ന്ന് കടയുടമയും സഹോദരനും ചേര്‍ന്ന് കൈക്കുഞ്ഞിനെയും ദമ്പതിമാരെയും മര്‍ദ്ദിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ‘ചാലില്‍ ഫൂട്ട്വേഴ്സ്’ എന്ന കടയ്ക്ക് മുന്നിലാണ് സംഭവം. കടയുടമയായ ചാലില്‍ ജയനെയും സഹോദരന്‍ ചാലില്‍ വര്‍ഗീസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം തൃക്കാരിയൂര്‍ സ്വദേശികളായ വിപിനും ഭാര്യ പ്രിയങ്കയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ജയന്റെ കടയുടെ മുന്‍വശത്തുള്ള റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ചെരുപ്പ് വാങ്ങാനായി അവര്‍ കടയില്‍ കേറി. ഇഷ്ടമുള്ള ചെരുപ്പ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ദമ്പതിമാര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോകുകയും അവിടെ നിന്ന് ചെരുപ്പ് വാങ്ങുകയും ചെയ്തു. തന്റെ കടയില്‍ നിന്നും ചെരുപ്പ് മേടിക്കുന്നില്ലെങ്കില്‍ കാര്‍ എടുത്ത് മാറ്റണമെന്ന് ജയന്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ റോഡിന്റെ ഒരു വശത്തായിട്ടായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ഇക്കാര്യവും പറഞ്ഞ് കടയുടമയും വിപിനും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. ഇതേ തുടര്‍ന്ന് തൊട്ടടുത്ത് തന്നെ മറ്റൊരു കട നടത്തികൊണ്ടിരുന്ന വര്‍ഗീസും സ്ഥലത്തെത്തി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
പ്രിയങ്കയെയും കുഞ്ഞിനേയും നിലത്തിട്ട് ചവിട്ടി, ഭര്‍ത്താവിനെയും തല്ലി ചതച്ചു എന്നാണ് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ജയന്റെ കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി മറ്റൊരു കടയില്‍ നിന്നും ചെരുപ്പ് വാങ്ങിയതില്‍ പ്രകോപിതനായ ജയന്‍ ദമ്പതിമാരെ ആക്രമിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ജയനും സഹോദരനും എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഊന്നുകല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.