മുകേഷിനെ പാര്‍ട്ടി സംരക്ഷിക്കില്ല; തെറ്റുകാരെ സംരക്ഷിക്കുക പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കെ രാധാകൃഷ്ണന്‍

എം മുകേഷിനെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി. തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്‌ക്കേണ്ട ആവശ്യം സംസ്ഥാന സര്‍ക്കാരിന് വന്നിട്ടില്ല. റിപ്പോര്‍ട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്നും രാധാകൃഷ്ണന്‍ എംപി കൂട്ടിച്ചേര്‍ത്തു.

കുറ്റാരോപിതര്‍ എത്ര ഉന്നതരായാലും പാര്‍ട്ടി അവരെ സംരക്ഷിക്കില്ല. സര്‍ക്കാര്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളും. മൊഴി നല്‍കിയവര്‍ക്കും പരാതി നല്‍കുന്നവര്‍ക്കും സംരക്ഷണം ഒരുക്കും. എല്ലാ മേഖലയിലെയും തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം അമ്മ സംഘടനയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് ‘അമ്മ’യിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സംഘടനയില്‍ ഭിന്നത ഉണ്ടാകുകയായിരുന്നു.

നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ രാജിവച്ചു. ഇതോടെ അമ്മ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു.

Read more

ബാബുരാജിനെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ആക്കാനിരുന്നുവെങ്കിലും നടനെതിരെയും ലൈംഗികാരോപണ പരാതി എത്തുകയായിരുന്നു. ഇതോടെ ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്.