യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി. ദിവസം പത്ത് യാത്രക്കാര്‍ പോലും ലഭിക്കാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിമാന സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്.
മേയ് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല. പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്.
വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുറഞ്ഞത്. ചില സെക്ടറില്‍ 3 ഇരട്ടിയോളമാണ് കൂടിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 95,888 പേരാണ് മാര്‍ച്ചില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്.
2023 മാര്‍ച്ചില്‍ 1,14,292 പേര്‍ കണ്ണൂര്‍ വഴി യാത്ര ചെയ്തു. 18,404 പേരുടെ കുറവ്. മാര്‍ച്ചില്‍ ജിദ്ദയില്‍ നിന്ന് കണ്ണൂരില്‍ എത്താന്‍ 60500 രൂപ മുടക്കേണ്ടി വന്നിരുന്നു. ഈ മാസവും നിരക്കില്‍ വലിയ കുറവ് ഇല്ല. ഏപ്രില്‍ 2ന് 55,000 രൂപയും 10ന് 50,000 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. റിയാദ്, കുവൈത്ത് സെക്ടറിലും നിരക്ക് കൂടി.
Read more
യാത്രക്കാരില്ലാത്തതിനാല്‍ ഇന്‍ഡിഗോ കണ്ണൂര്‍-മുംബൈ സര്‍വീസ് ആഴ്ചയില്‍ 4 ദിവസമായി കുറച്ചിട്ടുണ്ട്. ഷെഡ്യൂള്‍ വെട്ടിച്ചുരുക്കിയതോടെ മാസം 4,000ത്തോളം യാത്രക്കാരുടെ കുറവ് ആഭ്യന്തര സെക്ടറിലും ഉണ്ട്. മേയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ.
പാര്‍ക്കിങ് ഫീസ് പരിഷ്‌കരണവും യാത്രക്കാരെ പിന്നോട്ടടിപ്പിക്കുന്നതായാണ് കണക്ക് . ആദ്യ 15 മിനിറ്റ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സൗജന്യ പാര്‍ക്കിങ് കഴിഞ്ഞ മാസം നിര്‍ത്തലാക്കിയിരുന്നു.