വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവം; അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി റെയിവേ

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്ന് റെയിൽവേ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പുനൽകി. ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ ട്രെയിനില്‍ തളര്‍ന്നുവീണിരുന്നു.

ട്രെയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച് അനുവദിക്കുകയെന്നും ഇക്കാര്യം പരിഗണനയിലാണെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. വന്ദേഭാരത് ട്രെയിനിന് വേണ്ടി സമയം മാറ്റിയതോടെയാണ് വേണാട് എക്സ്പ്രസിലെ യാത്ര ദുരിതയാത്രയായതെന്ന് യാത്രക്കാർ പറയുന്നു.

എന്നാൽ എറണാകുളം വരെയുള്ള യാത്രയിൽ ആകെ 19 മിനിറ്റാണ് വൈകിയതെന്നും വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിട്ടില്ലെന്നുമാണ് റെയിൽവേ പറയുന്ന വാദം. വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർ കുഴഞ്ഞു വീണ സംഭവത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ദീർഘദൂര യാത്രക്കാർ ട്രെയിനിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. റെയിൽവെയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ട് ഇതെല്ലാം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ പുതിയ ലൈൻ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിൻ പലപ്പോഴും ഏറെ വൈകിയാണ് ഷൊര്‍ണൂരിൽ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്സ്പ്രസ് പിടിച്ചിടുന്നതിൽ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കാതെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.