പാവറട്ടി കസ്റ്റഡി മരണം: രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍

പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പൊലീസ്. രഞ്ജിത്തിനെ കൊണ്ടുപോയ ജീപ്പ് പൊലീസ് കസ്റ്റിയില്‍ എടുത്തു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് ജീപ്പ് കസ്റ്റഡിയില്‍ എടുത്തത്.

കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്തിനെ പിടിക്കാന്‍ പോയ സംഘത്തില്‍ മൂന്നു പ്രതിരോധ ഉദ്യോഗസ്ഥര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ഒളിവില്‍ പോയത്.

ജീപ്പിലുണ്ടായിരുന്ന എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളാവില്ലെന്നും പൊലീസ് അറിയിച്ചു. ആറു എക്‌സൈസ് ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും.

ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ശിപാര്‍ശ ചെയ്തിരുന്നു. ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.

Read more

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രഞ്ജിത്തിന്റെ കുടുംബം പരാതിയുമായി രംഗത്തു വന്നിരുന്നു.