കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കണ്ണൂർ ചാല തന്നട സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി സ്മൃതി കുടീരങ്ങളിലൊഴിച്ചത് ദ്രാവകമല്ലെന്നും ശീതള പാനീയമാണെന്നും പോലീസ് അറിയിച്ചു.
പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്. ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് ഷാജി സ്തൂപങ്ങളിൽ ഒഴിച്ചത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവം അന്വേഷിച്ചത്.
സംഭവത്തിനെതിരെ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പരാതിയും നൽകിയിരുന്നു. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കണ്ണൂർ പയ്യാമ്പലത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ. ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് ഇന്നലെ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിൽ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്‌തു എന്ന് സംശയിക്കപ്പെട്ട ശീതള പാനീയം ഒഴിച്ചത്. ഇതുകൂടാതെ മുൻ മുഖ്യമന്ത്രി ഇ. കെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്മൃതികുടീരത്തിലും ശീതള പാനീയം ഒഴിച്ചിരുന്നു.