പയ്യന്നൂർ അച്ചടക്ക നടപടിയിൽ വിശദീകരണവുമായി സിപിഎം ജില്ല സെക്രട്ടേറിയെറ്റ്. പയ്യന്നൂർ പാർട്ടി ഫണ്ട് തട്ടിപ്പ് കേസിൽ പണം നഷ്ടമായിട്ടില്ലെന്ന് സിപിഎം. യഥാസമയം ഓഡിറ്റ് നടത്താത്തതും ജാഗ്രത കുറവുമാണ് വീഴ്ചയെന്ന് ജില്ല സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പയ്യന്നൂർ ഏരിയ സെക്രട്ടറിയെ മാറ്റിയത് പാർട്ടിയിലെ മാനസിക ഐക്യത്തിനായാണ്. ഇത് അച്ചടക്ക നടപടിയല്ലെന്നും സെക്രട്ടറിയേറ്റ് വിശീദികരിച്ചു.
ടി.വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതും, കെ.കെ ഗംഗാധരന്‍, കെ.പി.മധു എന്നിവരെ ശാസിക്കാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. ഓഫീസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എന്നാൽ അത് സാമ്പത്തിക കാര്യങ്ങളിലല്ലെന്നും പാർട്ടി വിശദീകരിക്കുന്നു. കുഞ്ഞികൃഷ്ണന്റെ പേരിൽ നടപടി എടുത്തിട്ടില്ല.
പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പാർട്ടിക്കകത്ത് നിലനിൽക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനാണ് ഉയർന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയംഗത്തിന് ഏരിയാ സെക്രട്ടറിയുടെ ചുമതല കൊടുത്തതെന്നും പാർട്ടി വ്യക്തമാക്കുന്നു. സിപിഎമ്മിനെ ദുർബ്ബലപ്പെടുത്തുക എന്നത് കോർപ്പറേറ്റ്-വലതുപക്ഷ അജണ്ടയാണ്. അതിൽ പ്രവർത്തകർ വീണുപോകരുതെന്നുള്ള അഭ്യർത്ഥനയും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
എംവി ജയരാജനടക്കം പങ്കെടുത്ത പാർട്ടി യോഗത്തിലാണ് കഴിഞ്ഞ ദിവസം നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയെടുത്തത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം.