മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. പി സി ജോര്‍ജ്ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ടെന്നും അദ്ദേഹത്തെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
ജോര്‍ജ്ജിനെ ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ടാണ് ബിജെപിയില്‍ പോയത്. ബിജെപിയില്‍ പോകാതെ അദ്ദേഹത്തിന് നിവൃത്തിയില്ലെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മാധ്യമങ്ങളോട് പറഞ്ഞു.
നര്‍കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണ്. സഭാ നേതൃത്വത്തെ തിരുത്തേണ്ടത് വിശ്വാസികളാണ്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘ പരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് പിന്തുണയേകാന്‍ പി സി ജോര്‍ജ്ജ് ഇന്ന് തൃക്കാക്കരയിലെത്തി. വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പൊലീസ് നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ഇന്ന് നടക്കുന്ന യോഗങ്ങളിലും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും.