വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ എം എല്‍ എ പി സി ജോര്‍ജിന് നിയമസഹായം നല്‍കുമെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷനും സംവിധായകനുമായ വിജി തമ്പി. പി സി ജോര്‍ജ് പറഞ്ഞ പലകാര്യങ്ങളും സത്യമാണ്. അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും അറസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുള്ളിമരുന്ന് പ്രസ്താവന ശരിയായില്ല. തെളിവില്ലാത്ത ഇത്തരം കാര്യങ്ങള്‍ പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിച്ചാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.
Read more
പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ എ.ആര്‍ ക്യാമ്പിന് പുറത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പി.സി ജോര്‍ജിന്റെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. പി സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് പൊലീസുകാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു. തിരുവനന്തപുരം അനന്തപുരിയില്‍ ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു.