പെന്‍ഷന്‍ വിതരണം നാളെ മുതല്‍; അനുവദിച്ചത് 900 കോടി രൂപ

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് ലഭിക്കുക. 900 കോടി രൂപയാണ് ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്.

ബാങ്ക് അക്കൗണ്ട് നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വരെ പ്രതിഫലിച്ചിരുന്നതായാണ് വിലയിരുത്തല്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഎം സംസ്ഥാന സമിതിയില്‍ നടന്ന വിലയിരുത്തലില്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഇടതുപക്ഷത്തിന്റെ വലിയ പരാജയത്തിന് കാരണമായതായി ആക്ഷേപം ഉയര്‍ന്നിരുന്നു.