മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംവിധാനം രാജ്യത്ത് മറ്റെവിടെയും ഇല്ല എന്നും കോടതി പറഞ്ഞു. കേരളത്തിന് ഇതിനുമാത്രം ആസ്തി ഉണ്ടോ എന്നും കോടതി ചോദിച്ചു. ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.
വിപണി വിലയെക്കാള്‍ കൂടുതല്‍ തുകയാണ് ഡീസലിന് ഈടാക്കുന്നത്. നിലവില്‍ ഡീസല്‍ ലിറ്ററിന് ഏഴ് രൂപയിലധികം വില നല്‍കിയാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത്. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു എന്നും അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു. ഇതിന് ഇടയിലാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയം പരാമര്‍ശിച്ചത്.
രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന ഒരു സംസ്ഥാനം ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയെ സമീപിക്കുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. പെന്‍ഷന്‍ കാര്യത്തില്‍ കോടതിയുടെ അതൃപ്തി സര്‍ക്കാരിനെ അറിയിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി. ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി.