ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ 38 തവണ സിറിയയിലെയും ഇറാക്കിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍.
റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളുമെന്ന് അദേഹം പറഞ്ഞു. ഇറാനുമായി ബന്ധമുള്ള സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയുടെ അനുമാനമെന്ന് അദേഹം പറഞ്ഞു. ഇങ്ങനെ നടന്ന ആക്രമണങ്ങളില്‍ 48 പേര്‍ക്കു പരിക്കേറ്റുവെന്നും പാറ്റ് റൈഡര്‍ പറഞ്ഞു.
ഹമാസിനെതിരായ യുദ്ധത്തിന് ഇസ്രയേലിനു സഹായം നല്‍കുന്നതിലും മേഖലയിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിലുമാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
അതേസമയം, ഹമാസിനെതിരെ പേരാടുന്ന ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും താക്കീത് നല്‍കി അമേരിക്ക. ഇരുവരുടെയും ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കമുണ്ടായാല്‍ അമേരിക്ക നേരിട്ട് സൈനികഇടപെടല്‍ നടത്തുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ, ഗാസയിലേക്ക് നീങ്ങുന്ന ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹൂതി വിമതര്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ നാവികസേനയും കൂടി ചേര്‍ന്നാണ് ഹൂതി വിമതര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഹമാസിന്റെ ഭീകരാക്രമണം ഉണ്ടായശേഷം 17,350 യുഎസ് സൈനികര്‍ മേഖലയിലെത്തിയിട്ടുണ്ട്.