പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നാല് ഓക്‌സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിംഗ് സ്റ്റേഷനും 9 മാതൃകാ പോളിംഗ് ബൂത്തുകളും ഉണ്ട്.