ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് സിപിഎമ്മിന്റെ വിപ്ലവഗാനം പാടിയതില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും ഹൈക്കോടതി പറഞ്ഞു. ഗസല്‍ ഗായകനായ അലോഷി ആദം അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ‘പുഷ്പനെ അറിയാമോ’ എന്ന തടക്കം പാട്ടുകള്‍ പാടിയതും ഈ സമയത്ത് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും ബാനറുകളും മറ്റും കാണിക്കുകയും ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ച് വിപ്ലവഗാനം പാടിയതിനെതിരെയും ക്ഷേത്രത്തില്‍ ആചാരലംഘനമുള്‍പ്പെടെ ആരോപിച്ചും അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷമായി ക്ഷേത്രസമിതി നടപടികളെ വിമര്‍ശിച്ചത്.

കോടതി ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷം ദേവസ്വം ബോര്‍ഡുകള്‍ക്കും ക്ഷേത്രസമിതികള്‍ക്കും താക്കീത് നല്‍കുകയും ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും താക്കീത് നല്‍കിയത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും മറ്റും മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുള്ള റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ് നിയമം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

നിയമ ലംഘനമുണ്ടായാല്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതി സംബന്ധിച്ച് ദേവസ്വം കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കടയ്ക്കലെ വിപ്ലവഗാനം സംബന്ധിച്ച പരാതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴും രൂക്ഷമായ ഭാഷയിലാണ് കോടതി നിരീക്ഷണം നടത്തിയത്. ഇതൊന്നും ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും കോടതി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്ന വിശദീകരണമാണ് ക്ഷേത്രോപദേശക സമിതി നല്‍കിയത്. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറുടെ റിപ്പോര്‍ട്ടില്‍ എല്‍ഇഡി വാളില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളും കോടതി പരിശോധിച്ചിരുന്നു.

റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) ആക്ട് എന്ന 1988ലെ പാര്‍ലമെന്റ് നിയമത്തിലെ വ്യവസ്ഥ പ്രകാരം മതസ്ഥാപനമോ, മാനേജറോ മതസ്ഥാപനത്തിന്റെ ഫണ്ടോ സ്വത്തോ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രയോജനത്തിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉത്സവങ്ങളോ ചടങ്ങുകളോ ഘോഷയാത്രയോ മറ്റും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കരുതെന്നും ചട്ടമുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവു ശിക്ഷയും 10,000 രൂപ വരെ പിഴയും ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഓര്‍മ്മിപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം തേടി. വിശദീകരണത്തിനു സര്‍ക്കാരും സമയം തേടി. കേസില്‍ കടയ്ക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറെയും ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

INDIAN CRICKET: നിന്റെ കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും കണ്ടത് ഞാന്‍ മാത്രം, ക്രിക്കറ്റിനായി നീ അത്രമേല്‍ സ്വയംസമര്‍പ്പിച്ചു, വിരാട് കോഹ്‌ലിയെ കുറിച്ച്‌ വികാരാധീനയായി അനുഷ്‌ക ശര്‍മ്മ