'കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസ്സനെ പോലുള്ളവരെ'; എം എം ഹസ്സന് മറുപടിയുമായി അനിൽ ആന്റണി

എം എം ഹസ്സന് മറുപടിയുമായി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. കാലഹരണപ്പെട്ട നേതാക്കൾ എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. അനിൽ ആൻ്റണി പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിലാണ് അനില്‍ ആന്‍റണിയുടെ മറുപടി.

80 വയസ്സ് കഴിഞ്ഞിട്ടും എം.എം ഹസനാണ് ഇപ്പോഴും കെപിസിസിയുടെ വർക്കിങ് പ്രസിഡന്‍റെന്നും അനില്‍ ആന്‍റണി പരിഹസിച്ചു. എം.എം ഹസന്‍റേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ കെആന്‍റണി പറഞ്ഞു.

അതേസമയം ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെയും അനിൽ രംഗത്തെത്തി. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതേവിടാൻ പോകുന്നില്ലെന്നും കാത്തിരുന്ന് കാണാമെന്നും അനിൽ ആന്റണി പറഞ്ഞു. കർമം പോലെ കാര്യങ്ങൾ വന്നോളും. പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചിട്ടുണ്ടാകും. പ്രകാശ് ജാവദേക്കറുമായി ഈ കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല. അഭിഭാഷകനാണെന്നു പറഞ്ഞു നടക്കുന്നയാളാണ് നന്ദകുമാറെന്നും അയാൾക്ക് തീരെ വിശ്വാസ്യതയില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി.

Read more