എല്‍പിജി വില വര്‍ദ്ധനവില്‍ ജനങ്ങള്‍ ആഹ്ലാദിക്കുന്നു; സ്ത്രീകള്‍ക്ക് സംതൃപ്തി, വില വര്‍ദ്ധനവ് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനെന്ന് ശോഭ സുരേന്ദ്രന്‍; സര്‍ക്കാസം മികച്ചതെന്ന് നെറ്റിസണ്‍സ്

പാചക വാതക വില വര്‍ദ്ധനവില്‍ വിചിത്ര വാദവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് സന്തോഷമാണെന്നാണ് ശോഭയുടെ വാദം. വില വര്‍ദ്ധനവ് മോദി സര്‍ക്കാരുമായി ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വില വര്‍ദ്ധനവിന് പിന്നില്‍ എല്ലാവര്‍ക്കും പാചകവാതകം ലഭിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹമാണ്. സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ സംതൃപ്തിയുണ്ട്. വില വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സബ്‌സീഡിയോടെ നല്‍കണമെന്നാണ് ആവശ്യം. അത് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂട്ടിയ പണം പാവങ്ങള്‍ക്ക് തന്നെ കിട്ടുമെന്നും ശോഭ പറഞ്ഞു. കഴിഞ്ഞ ദിവസം പാചക വാതകത്തിന്റെ വില 50 രൂപ വര്‍ദ്ധിപ്പിച്ച് 853 രൂപയാക്കിയിരുന്നു. എന്നാല്‍ ശോഭ സുരേന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രൂപപ്പെടുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശോഭ സുരേന്ദ്രന്‍ പാചക വാതകത്തിന്റെയും പെട്രോള്‍-ഡീസല്‍ വിലയ്ക്കും എതിരെ നടത്തിയ പ്രതിഷേധങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നെറ്റിസണ്‍സ് പങ്കുവയ്ക്കുന്നുണ്ട്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും സര്‍ക്കാസ്റ്റിക് കമന്റുകളുമാണ് ഇവയ്ക്ക് ലഭിക്കുന്ന മറുപടി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശോഭ സുരേന്ദ്രന്‍ അടുക്കളയില്‍ ചിത്രീകരിച്ച ഒരു പഴയ വീഡിയോ ഇതോടൊപ്പം നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. ഭക്ഷ്യ സാധനങ്ങള്‍ എങ്ങനെയെങ്കിലും വീട്ടമ്മമാര്‍ അടുക്കളയിലെത്തിച്ചാലും അത് പാചകം ചെയ്യാന്‍ ഗ്യാസിന് എന്താ വില എന്നാണ് വീഡിയോയില്‍ ശോഭ ചോദിക്കുന്നത്.

ഇതുകൂടാതെ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ നടത്തിയ കാളവണ്ടി സമരത്തിന്റെയും ചിത്രങ്ങള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. പാചക വാതകത്തിന്റെയും പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങളുടെയും വില നിയന്ത്രിക്കുമെന്നതായിരുന്നു 2014 ല്‍ അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും ഇടിഞ്ഞ നിലയിലായ കഴിഞ്ഞ ദിവസവും പെട്രോള്‍-ഡീസല്‍ വില രാജ്യത്ത് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാചക വാതകത്തിനും വില ഉയര്‍ത്തിയത്. പിഎം ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം പാചകവാതകം ലഭ്യമാകുന്നവരെയും വില വര്‍ധന കാര്യമായി ബാധിക്കും.