Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

സെല്‍ഫിയല്ല മനുഷ്യജീവനാണ് വലുത്, ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ ജാഗ്രത പാലിക്കണം : മുഖ്യമന്ത്രി

, 3:45 pm

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്നും പുഴയോരത്തും ഡാമുകളുടെ സമീപത്തു നിന്നും സെല്‍ഫിയെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ക്കടക വാവുമായി ബന്ധപ്പെട്ട് പൊലീസും മറ്റു ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ക്കടക വാവുമായി ബന്ധപ്പെട്ട് ബലിതര്‍പ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് ഇറങ്ങുന്നവര്‍ അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കടലോരങ്ങളില്‍ കടലാക്രമണത്തിനും പുഴയോരങ്ങളില്‍ ഡാം തുറന്നതിനാല്‍ ജലനിരപ്പ് ഉയരുന്നതിനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം.

”കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി, പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്.

കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് ജനം അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണം” പിണറായി ഫെയ്‌സ്ബുക്കില്‍ അഭ്യര്‍ത്ഥിച്ചു.

 

Advertisement