നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുത്; 2021 മുതല്‍ വികസനം ജനങ്ങള്‍ അറിഞ്ഞു തുടങ്ങി; വികസന തുടര്‍ച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി

വികസനത്തിന് തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ ഭരണമാറ്റം ഉണ്ടാകാതിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് നശിക്കാതിരിക്കണമെങ്കില്‍ ഇനി ഭരണമാറ്റം ഉണ്ടാകരുതെന്നും അദേഹം പറഞ്ഞു. ഭരണമാറ്റം ഉണ്ടാകുന്നതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണനേട്ടത്തിന് തുടര്‍ച്ച ഉണ്ടാകാതിരുന്നത്.

ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ യുഡിഎഫ് സര്‍ക്കാരിനുശേഷം ഇടതുപക്ഷം ഭരണത്തിലെത്തുമ്പോള്‍ ആദ്യരണ്ടുവര്‍ഷത്തെ ദൗത്യം നാടിനെ വീണ്ടെടുക്കലായിരുന്നു. അത് വേണ്ടിവരാതിരുന്നത് 2021 മുതലാണ്. അതിന്റെ നേട്ടം ഈ നാട് അനുഭവിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും സൗകര്യമുള്ള ഒരു സമയം നോക്കിയാണ് പുതിയ എകെജി സെന്റര്‍ ഉദ്ഘാടനംചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലര്‍ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് പിണറായി വ്യക്താമാക്കി.

Read more

വിശേഷ ദിവസം നോക്കിയാല്‍ ലോക പുസ്തക ദിനവും ഷേക്‌സ്പിയറുടെ ചരമദിനവും ആണ്. ഏപ്രില്‍ 23-നാണ് കുഞ്ഞമ്ബു രക്തസാക്ഷിയാകുന്നത്. ഈ പ്രത്യേകതകള്‍ ഒന്നും ആലോചിച്ചല്ല ഉദ്ഘാടനം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.