പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് മുദ്രാവാക്യങ്ങളോടെ അഭിവാദ്യം; നേരിട്ടെത്തി പുസ്തകം നല്‍കി മടങ്ങി പി ജയരാജന്‍

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ച് പി ജയരാജന്‍. പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിക്കുമ്പോഴായിരുന്നു പി ജയരാജന്‍ ജയിലിലെത്തിയത്. തുടര്‍ന്ന് പ്രതികളെ സന്ദര്‍ശിച്ച് പുസ്തകവും നല്‍കിയായിരുന്നു ജയരാജന്റെ മടക്കം.

കേസില്‍ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചത്. പി ജയരാജന്റെ സാന്നിധ്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ അഭിവാദ്യം ചെയ്തത്. കേസില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണ് കണ്ണൂരിലേക്ക് മാറ്റിയത്.

കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നായിരുന്നു ജയരാജന്റെ പ്രതികരണം. സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ ധാര്‍മിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജന്‍ ചോദിച്ചു.

വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റം. ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം.