പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. കൊലപാതകം നടന്നത് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും പെരിയ ഇരട്ടകൊലക്കേസ് വിധിയോട് പ്രതികരിച്ച് എകെ ബാലൻ പറഞ്ഞു.
‘നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിൻ്റെ ഭാഗമാണ് കോടതി വിധി. കൊലയാളി പാർട്ടിയാണ് സിപിഐഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ. തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അത് കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറത്ത് കൊന്നു. ആ പാർട്ടിയാണ് സിപിഐഎം കൊലയാളി പാർട്ടിയാണ് എന്ന് പറയുന്നത്.
ക്രിമിനൽ പാർട്ടി ഏതാണെന്ന് ജനത്തിനറിയാം. പെരിയ ഇരട്ടക്കൊലപാതകത്തിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണ് പൊലീസ് ആരംഭം മുതൽ സ്വീകരിച്ചത്. കേരള പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയാണ് സിബിഐ നടത്തിയത്’- എകെ ബാലൻ പറഞ്ഞു.
ഇന്നലെയാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധി പ്രസ്താവിച്ചത്. 24 പേരടങ്ങിയ പ്രതിപട്ടികയിൽ 14 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പത്ത് പേരെ കുറ്റ വിമുക്തരാക്കി. പൊലീസ് സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാതെ സിബിഐ കൂട്ടിച്ചേർത്ത പത്ത് പേരിൽ നാല് പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഐഎം മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം എന്നിവരുൾപ്പെടെ 14 പേരാണ് പ്രതികളാക്കപ്പെട്ടത്.