അനുയോജ്യമായ സ്ഥലം സംസ്ഥാനം കണ്ടെത്തിയാല്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കേരളത്തിന്റ തീരങ്ങളില്‍ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ട്. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റര്‍ കേരളത്തില്‍ സ്ഥാപിച്ചാല്‍ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി സര്‍ക്കാരിനെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്‍ ടി പി സി യുടെ ബാര്‍ഹ് നിലയത്തില്‍ നിന്നും അനുവദിച്ചിരിക്കുന്ന 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി മാര്‍ച്ച് 2025 അവസാനിക്കുന്നത് ജൂണ്‍ 2025 വരെ നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കാം എന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ഉറപ്പ് നല്‍കി.
പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനര്‍ജി സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികള്‍ക്കായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അനുഭാവത്തോടെ പരിശോധിക്കും. ജലവൈദ്യുത പദ്ധതികള്‍ക്കുള്ള കേന്ദ്ര അനുമതി ലഭ്യമാകുന്നതിന് ഏകജാലക സംവിധാനം ഒരുക്കുന്നത് പരിഗണിക്കാം എന്നും മന്ത്രി ഉറപ്പ് നല്‍കി.
വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തില്‍ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹര്‍ലാല്‍ പറഞ്ഞു.