സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച പെട്രോളിന് ഒരു പൈസയും ഡീസലിനു നാല് പൈസയും കുറഞ്ഞിരുന്നു.
ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16-നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കേന്ദ്രം ഇന്ധനവിലയില്‍നിന്ന് എക്സൈസ് തീരുവ കുറച്ചു. അതുവഴി കേരളത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയിലധികം കുറഞ്ഞു. തീരുവ നീക്കിയതിന്റെ പിറ്റേന്ന് തൃശ്ശൂരില്‍ പെട്രോളിന് ലിറ്ററിന് 71.25 രൂപയും ഡീസലിന് 61.05 രൂപയുമായിരുന്നു. ഡിസംബര്‍ 10-ന് ഇത് യഥാക്രമം 72.18 രൂപ, 62.72 രൂപ എന്നിങ്ങനെ ആയി. പിന്നീട് ഒരുദിവസംപോലും വില താഴ്ന്നിട്ടില്ല.