പെട്ടിമുടി ദുരന്തം; തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക് , ഇനിയും കണ്ടെത്താനുള്ളത് ഒമ്പത് പേരെ

ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ പതിമൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി കണ്ടെത്താനുള്ളത് 9 പേരെയാണ്. പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി പുഴയിലാണ് ഇന്നത്തെ പ്രധാന തെരച്ചിൽ. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരും. മണ്ണിനടിയിലുള്ള മനുഷ്യശരീരങ്ങൾ കണ്ടെത്താനുള്ള റഡാർ സംവിധാനം തെരച്ചിലിൽ ഉപയോഗിക്കും. ഇതിനായി ചെന്നൈയിൽ നിന്നുള്ള നാലംഗ സംഘം എത്തിയിട്ടുണ്ട്.

ഇതുവരെ 61 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ നടത്തിയ തെരച്ചിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ആദ്യത്തെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചത്. അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം.

ദുരന്തത്തിനിരയായവർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരിക്കേറ്റവർക്കും സഹായം എത്തിക്കും. യന്ത്രങ്ങൾ എത്തിച്ച് നടത്തുന്ന തെരച്ചിലിൽ ബാക്കിയുള്ളവരെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്‍റെ പ്രതീക്ഷ