സംസ്ഥാനത്തെ മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരും. സമരക്കാര്‍ ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിജി ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. പ്രശ്‌നങ്ങള്‍ മന്ത്രി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് നടന്നത് സൗഹൃദ സംഭാഷണമാണ്. പ്രശ്‌ന പരിഹാരത്തിനായി ഉന്നതതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
ഇനി നടക്കുന്ന ചര്‍ച്ചയില്‍ പി.ജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരും പങ്കെടുക്കും. പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കൂടുതല്‍ സംഘടനകള്‍ സമരത്തിനായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചത്.
ഹൗസ് സര്‍ജന്‍മാര്‍ സമരം അവസാനിപ്പിച്ച് തിരികെ ഡ്യൂട്ടിയില്‍ കയറുകയും, താത്കാലികമായി നിയമിച്ച ജൂനിയര്‍ റെസിഡന്റുമാര്‍ എത്തുകയും ചെയ്തതോടെ മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധികള്‍ക്ക് അല്പം ആശ്വാസമായി. നിലവില്‍ ഒ.പി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകള്‍ മാറ്റിവെച്ചുമാണ് മെഡിക്കല്‍ കോളജുകള്‍ മുന്നോട്ടു പോവുന്നത്. സമരത്തെ കുറിച്ച് അറിഞ്ഞ് മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്ന് പതിനാലാം ദിവസവും, അത്യാഹിതവിഭാഗം അടക്കം ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം അഞ്ചാം ദിവസത്തിലേക്കും കടന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
Read more
പി.ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് ഐ.എം.എ അറിയിച്ചു. കോവിഡ് കാലമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍ അമിതജോലി ഭാരമാണ് അനുഭവപ്പെടുന്നത്. അതിനാല്‍ പി.ജി പ്രവേശനം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്യണമെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ.എ ജയലാല്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഐ.എം.എ കുറ്റപ്പെടുത്തി.