സമരം കടുപ്പിച്ച് പി.ജി ഡോക്ടര്‍മാര്‍, ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്, ഹൗസ് സര്‍ജന്‍മാരും പണിമുടക്കും

സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ അറിയിച്ച് ഹൗസ് സര്‍ജന്‍മാരും ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിക്കും. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എമര്‍ജന്‍സി, കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കില്ല. അതേസമയം പിജി ഡോക്ടര്‍മാരുടെ എമര്‍ജന്‍സി ഡ്യൂട്ടിയിന്‍ നിന്നടക്കം വിട്ടു നിന്നുള്ള സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതിഷേധ സൂചകമായി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് സമരക്കാര്‍ മാര്‍ച്ച് നടത്തും.

മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയതോടെ ഹൗസ് സര്‍ജന്‍നമാരെയും, മെഡിക്കല്‍ കോളജ് അധ്യാപകരെയും വെച്ചാണ് ആരോഗ്യ വകുപ്പ് പ്രതിസന്ധി പരിഹരിച്ചത്. എന്നാല്‍ ഇതോടെ ഇവരുടെ ജോലിഭാരം ഇരട്ടിയാവുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി ഹൗസ് സര്‍ജന്‍മാരും രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ചട്ടുണ്ട്.

നീറ്റ് പിജി പ്രവേശന നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, സ്റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. എന്നാല്‍ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ ഇന്ന് ആരംഭിച്ചു. ഇതിനായുള്ള അഭിമുഖം മെഡിക്കല്‍ കോളജുകളില്‍ പുരോഗമിക്കുകയാണ്.

Read more

അതേസമയം ശമ്പള വര്‍ദ്ധനയിലെ  ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാനായി സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ നടത്തി വരുന്ന നില്‍പ്പ് സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. പിജി ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരിച്ചുള്ള സമരം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ രോഗികള്‍ ബുദ്ധിമുട്ടിലായി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.